ദക്ഷിണാമൂര്‍ത്തി സംഗീതോത്സവം
ശിവചൈതന്യം നിറയുന്ന ക്ഷേത്ര നഗരിക്ക് സംഗീത സാന്ദ്രമായ പകലിരവുകൾ സമ്മാനിച്ച് വീണ്ടും നാദോത്സവത്തിന് തിരശീല ഉയരുകയാണ്. പ്രപഞ്ചതാളത്തിൻറെ സംരക്ഷകനായ ആദിയോഗി സാക്ഷാൽ വൈക്കത്തപ്പൻറെ മുന്നിൽ ദക്ഷിണാമൂർത്തി സംഗീതോത്സവം അരങ്ങേറുകയാണ്.
ഭക്തിയുടെ ശ്രുതിമീട്ടി കലയുടെ ദീപനാളം തെളിയുമ്പോൾ, വൈക്കത്തുകാർ നെഞ്ചേറ്റിയ ഈ സംഗീതോത്സവം അഞ്ചാം സംവത്സരത്തിലേക്ക് പ്രവേശിക്കുകയാണ്. സർവ്വവും വ്യാഘ്രാലയേശന് സമർപ്പിച്ചു ഒരു ഋഷിയെ പ്പോലെ സംഗീതലോകത്തു രാഗതപസ്സനുഷ്‌ടിച്ച വി.ദക്ഷിണാമൂർത്തിയുടെ ചിരസ്‌മരണ നിലനിർത്താനും യുവ പ്രതിഭകളെ വാർത്തെടുക്കാനും ഒപ്പം ജനപ്രിയ സംഗീതത്തിന് സമഗ്ര സംഭവനകളേകിയ പ്രമുഖ വിശാരദന്മാരെ ആദരിക്കുവാനും ഈ വേദി നിയോഗമായിത്തീരുന്നു.
ദക്ഷിണാമൂർത്തി സംഗീതോത്സവസമിതിയുടെയും വൈക്കത്തെ സംഗീത പ്രേമികളും ആസ്വാദകരുമടങ്ങിയ സഹൃദയസംഘവും സംയുക്തമായി സംഘടിപ്പിക്കുന്ന ദക്ഷിണാമൂർത്തി സംഗീതോത്സവം 2025 ലേക്ക് എല്ലാ സജ്ജനങ്ങളേയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.